ലേഖനങ്ങൾ

പ്രളയം കഴിഞ്ഞിട്ടില്ല

സത്യത്തിൽ പ്രളയം കഴിഞ്ഞിട്ടില്ല! കേരളത്തിന്റെ ഹൃദയത്തിൽ പ്രളയത്തിന്റെ അംശങ്ങൾ ഇന്നും ഇരമ്പുന്നുണ്ട്. എന്നിട്ടും കോലാഹലങ്ങളുടെയും, അക്രമങ്ങളുടെയും നടുവിൽ നിൽക്കാനാണ് നമുക്കിഷ്ടം. മുക്കുവർ, പ്രളയത്തിൽ രക്ഷയുടെ വഞ്ചിയൊരുക്കിയവർ സങ്കടപ്പെടുന്നു കാണും… ഇത്രമാത്രം ചേർത്തുപിടിച്ചിട്ടു പോലും നമ്മൾ പോരിനിറങ്ങിയതിനെയോർത്ത്…
പ്രളയം പഠിപ്പിച്ച ചില പാഠങ്ങൾ മറന്നു പോകരുത്. അത്ര നിസ്സഹയരാണ് ചിലപ്പോൾ മനുഷ്യർ. ചില വീണ്ടുവിചാരം നമ്മുക്ക് നല്ലതു തന്നെ…
നന്മയുടെ ശേഷിപ്പുകൾ ബാക്കിയുണ്ടാവണം എന്ന ഓർമ്മപ്പെടുത്തലാണ് പ്രളയം തന്നത്, പഠിപ്പിച്ചത്. പക്ഷെ നമ്മൾ മറന്നു… ഒരു ചങ്ങാതി ആ ദിവസങ്ങളിൽ കുറിച്ചിട്ടത് ഓർക്കുന്നു”പ്രകൃതി വിതച്ചത് പ്രളയം, പ്രളയം കൊയ്യുന്നതോ… പ്രണയമാണ് “
ശരിയാണ് പ്രളയം അപരനെ സ്നേഹിക്കാനാണ് പഠിപ്പിച്ചത്, അത് അങ്ങനെ തന്നെയാണ്. പക്ഷെ അത്ര ചൂടാറും മുൻപുതന്നെ നാം തള്ളി പറഞ്ഞു തുടങ്ങി, കല്ലുകൾ എടുത്ത് തുടങ്ങി, പല കൊടികൾ നാട്ടിതുടങ്ങി, ചൂടേറിയ ചർച്ചകൾക്കും കളമൊരുക്കി.

ഓർമ്മകൾ പ്രളയകാലത്തേക്ക് സഞ്ചരിക്കുന്നു… മെല്ലെയാണ്…! ശക്തമായ അതിജീവനത്തിന്റെ കഥകൾ, പോരാടിയ വഞ്ചികളും അതിലെ മാലാഖമാരായ നമ്മുടെ ചേട്ടൻമാരും, ദുരിതാശ്വാസ ക്യാമ്പിൽ പൂക്കളമിട്ട് സദ്യയുണ്ട നമ്മുടെ കഴിഞ്ഞ ഓണം, സ്വന്തം മേൽക്കൂര കാണാതെ നമ്മൾ ഒരുമിച്ച് ഉറങ്ങിയ സ്കൂളുകൾ, അരി തൊട്ട് പെങ്ങന്മാർക്കുള്ള പാഡുകൾ വരെ നാം ആദരവോടെ സ്വരൂപിച്ചെടുത്തു, അന്ന് ചർച്ച ചെയ്യാനും പരസ്പരം പറയാനുക്കുമൊക്കെ ഒന്നേ ഉണ്ടായിരുന്നുള്ളു… അതിജീവനം! പരസ്പരം ജീവിതം തിരിച്ചുപിടിക്കാനുള്ള വെമ്പലായിരുന്നു നമുക്ക്.
ഇടയ്ക്ക് മിഴി പൂട്ടി ഒന്നിരിക്കണം… ഓർമിച്ചെടുക്കണം….ആരുടെയൊക്കെയോ കരുണകൊണ്ട് മാത്രം എന്ന നിലനിർത്തിയ സ്നേഹത്തേകുറിച്ച്…
എന്റെ സ്വപ്നങ്ങളെയും ഉറ്റവരെയുമൊക്കെ ബാക്കിയാക്കിയത് ഇവിടെ നന്മയുടെ ശേഷിപ്പുകൾ ബാക്കിയുള്ളതുകൊണ്ട് മാത്രമാണ്.

അഭിപ്രായ വിത്യാസങ്ങളും ഇഷ്ടകേടുകളുമൊക്കെ നമുക്ക് വേണം, ” ജീവൻ ” എന്ന മഹനീയതയെ ബഹുമാനിച്ചുകൊണ്ട് മാത്രം. കാരണം ആരുടെയൊക്കെയോ കരുതലിന്റെ, സ്നേഹത്തിന്റെ മിച്ചം മാത്രമാണ് ഞാൻ. ഡാമിൽ നിന്ന് ആർത്തുലച്ചു വരുന്ന വെള്ളത്തിന്റെ ശബ്ദം കേൾക്കാതെ, കുത്തിയൊലിച്ചുവരുന്ന മണ്ണും മരവും കാണാതേ, തന്റെ കൈകളിൽ പനി കൊണ്ട് വിറയ്ക്കുന്ന കുഞ്ഞിനെ ചേർത്ത് പിടിച്ച് ചെറുതോണി പാലത്തിനു കുറുകെ ഓടിയ കന്നയ്യയെ നാം മറന്നോ…? കുട്ടിയുമായി കുത്തൊഴുക്ക് കടന്ന് കന്നയ്യ കുമാർ ഓടി കയറിയത് മലയാളി ഹൃദയത്തിലേക്കാണ്…. കന്നയ്യയെപ്പോലെ പലരും ഓടി… പലരും ചേർന്നു നിന്നിട്ടുമുണ്ട്… ഓർക്കണം. ഓർത്തേപ്പറ്റു….
മിഴി പൂട്ടുന്നു. കണ്ണുകൾ അൽപ്പം കഴിഞ്ഞെ ഇനി തുറക്കുന്നുള്ളു…പ്രളയം ഉള്ളിൽ തന്നെയുണ്ട്. ജലം ഉയരുന്നതും, താഴുന്നതുമൊക്കെ ഉള്ളിൽ തന്നെയുണ്ട്….! ഓർമ്മകളെ മറയരുതേ.

Back to top button
error: Content is protected !!