കഥകൾ

കുഞ്ഞാത്തോൾ

Author:Sankar Ramakrishnan

ചെറുപ്പത്തിലേ ഓർമ്മകൾ ഒന്ന് പൊടിതട്ടിയെടുത്തു. അമ്മയുടെ കയ്യും പിടിച്ച് ഇല്ലത്തിന്റെ ഉമ്മറകോലായിൽ ഉള്ള തമ്പ്രാക്കളെ കാണാതെ പതുങ്ങി പിന്നാമ്പുറത്തെ തൊടിയിൽ ഓടി കയറുന്നത് ഇന്നലെ കഴിഞ്ഞ പോലെ. അവിടെ വരെയേ പോകാൻ അനുവാദം ഉള്ളൂ. അമ്മക്ക് ഇല്ലത്ത് പുറംപണി ആണ്. തൊട്ടുകൂടായ്മയും തീണ്ടലും എല്ലാം കൊടികുത്തി വാഴുന്ന എന്റെ ബാല്യകാലം. പിന്നാമ്പുറത്ത് പണിക്കാർക്ക്‌ ഉള്ള കഞ്ഞിയും പയറും ഞാൻ കുടിക്കുന്നത് ജനൽപാളികളിൽ കൂടെ നോക്കുന്ന കുഞ്ഞാത്തോളിനെ ഞാൻ ഇന്നും ഓർക്കുന്നു. എന്നേക്കാൾ രണ്ടോ മൂന്നോ വയസ്സ് കൂടുതൽ കാണും. പക്ഷേ എന്റെ അമ്മക്ക് എന്നെക്കാൾ കാര്യം കുഞ്ഞാത്തോളിനെ ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നിൽ അത് അസൂയയുടെ കതിർനാമ്പുകൾ പാകിയിട്ടുമുണ്ട്. പക്ഷേ അടിമയായ ഞങ്ങൾക്ക് ജന്മിയായ നമ്പൂരി നൽകി വന്നിരുന്ന ക്ഷേമത്തെ വെച്ച് നോക്കുമ്പോ അമ്മക്ക് അത് ഒരു സ്വർഗ്ഗം ആയിരുന്നു. രണ്ട് നേരം അഷ്ടിക് വഹ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ഞങ്ങളുടെ കൂട്ടരുടെ ഇടയിൽ എന്നും ഇല്ലത്തു നിന്നും പ്രാതൽ കഴിക്കുന്ന അമ്മ ഒരു രാജ്ഞി തന്നെ ആയിരുന്നു.

പ്രാതൽ കഴിക്കാൻ ആണ് അമ്മ എന്നെയും കൊണ്ട് ഇല്ലത്തേക്ക് പോകാറുള്ളത്. അത് കഴിഞ്ഞാൽ അമ്മ പണിക്ക് കേറുമ്പോൾ ഞാനും അമ്മയുടെ കൂടെ കൂടുമായിരുന്നു. ചുള്ളി പറുക്കാനും മറ്റുമായി. അങ്ങനെ എന്നെ കൊണ്ട് കഴിയുന്ന സഹായങ്ങൾ. ഇന്നത്തെ പോലെ നവമാധ്യമങ്ങൾ അന്ന് ഇല്ലാത്തതിനാൽ മാതൃദിനത്തിൽ ഒന്നും വിളംബരം ചെയ്യാൻ സാധിച്ചിരുന്നില്ല. ഉച്ചയൂണ് കാലമാകുമ്പോൾ അന്ധർജനത്തിന്റെ ഒരു വിളയുണ്ടാവും. നല്ല സ്വാദിഷ്ടമായ കുത്തരി ചോറും മോരും കഴിക്കുന്ന എന്നെ കൂട്ടുകാർ എല്ലാം അത്ഭുതത്തോടെ ആണ് കണ്ടിരുന്നത്. അവരുടെ വീട്ടിൽ എല്ലാം കഞ്ഞി വെള്ളത്തിൽ നാല് അരിമണി കിട്ടിയാൽ കൊള്ളാം എന്നുള്ള അവസ്ഥ ആയിരുന്നു.

Related Articles

പറഞ്ഞ് വന്നത് കുഞ്ഞാത്തോളിനെ പറ്റി ആണ്. അമ്മയ്ക്കു നൂറ് നാവാണ് കുഞ്ഞാത്തോളിനെ പറ്റി പറയാൻ. പക്ഷേ ഞാൻ കാണുന്നതിൽ കൂടുതൽ ഒന്നും അമ്മ കുഞ്ഞാത്തോളിനെ കണ്ടതായും എനിക്ക് അറിവില്ല. പക്ഷേ രണ്ടു നേരം അന്നം തരുന്ന വീട്ടിലെ കുട്ടിയെ ദൈവപുത്രിയായി തന്നെ അമ്മ വർണ്ണിക്കുമായിരുന്നു. ഐശ്വര്യയും തുളുമ്പുന്ന, തവിട്ടു നിറമുള്ള ദേവതക്ക് തുല്യമായ കുഞ്ഞാത്തോൾ.

ഒരു മഴക്കാലത്ത് ആണ്. ഞാൻ കൂട്ടുകാരോടൊപ്പം കുറ്റിയും കോലും കളി ഒക്കെ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയാണ്. നല്ല മഴ ഉണ്ട്. വാഴയില കുടയാക്കി മഴയും ആസ്വദിച്ചുകൊണ്ട് പാടവരമ്പിലൂടെ ഞാൻ പോകുമ്പോ അമ്പലവഴിയിൽ നിന്നും ഒരു ആളനക്കം, ആരുടെയൊ തേങ്ങൽ. ഞാൻ ഒന്ന് ശ്രദ്ധിച്ചു. അമ്പലവഴി അയതിനാൽ പോയി നോക്കുക വയ്യ. എന്ത് ചെയ്യണം എന്ന് അറിയാതെ അവിടെ തന്നെ നിന്നു. ഒരു പെൺകുട്ടിയുടെ കരച്ചിൽ ആണെന്ന് തീർച്ച ആണ്. കാരണം അക്കാലത്ത് ഞങ്ങളുടെ കുടിലുകളിൽ ഏറ്റവും കൂടുതൽ ഞാൻ ശ്രവിച്ചിട്ടുള്ളത് ആ തേങ്ങലുകൾ ആണ്. എന്നെ കണ്ടിട്ടാവണം അ രൂപം മറനീക്കി എന്റെ അടുത്തേക്ക് വന്നു.

കുഞ്ഞാത്തോൾ!!!

കുഞ്ഞാത്തോളിനെ കണ്ടതും ഞാൻ ഓടാൻ ഉള്ള തത്രപ്പാടിലാണ്. അടുത്ത് പോകാനോ കാണാനോ പാടില്ല എന്ന അന്നത്തെ പ്രായോഗിക ബുദ്ധി എന്നിൽ തലപൊക്കി. എന്റെ ഇങ്കിതം മനസിലായിട്ടാവണം കുഞ്ഞാത്തോൾ ജാനൂന്‍റെ മോൻ പോകരുത് എന്ന് പറഞ്ഞത്.

എന്നെ സംബന്ധിച്ചിടത്തോളം ജാനുന്‍റെ മോനെ കുഞ്ഞാത്തോൾ തിരിച്ചു അറിഞ്ഞത് തന്നെ സർവ്വജ്ഞപീഠം കീഴടക്കിയ പ്രതീതി ആയിരുന്നു.

കുഞ്ഞാത്തോൾ അമ്പലത്തിലേക്ക് വന്നതാണ്. മഴപെയ്തു. തുണക്ക്‌ ആരേം കിട്ടിയില്ല. എന്ത് ചെയ്യും എന്ന് അറിയാതെ നിന്നപ്പോൾ കരഞ്ഞു പോയതാണ്.

സ്വാഭാവികമാണ്. ഇപ്പോഴും പരിചാരകരുടെ അകമ്പടിയിൽ ജീവിക്കുന്ന ആൾ ഇങ്ങനെ ഒരു നാട്ടുവഴിയിൽ ഒറ്റപെട്ടാൽ ഒന്ന് ഭയന്ന് പോകും.

എന്നെ ഒന്ന് ഇല്ലത്തേക്ക് കൊണ്ടാക്കി തരുമോ ജാനുന്‍റെ മോൻ എന്ന ചോദ്യത്തിന്.
തിരിച്ചു ഒന്നും പറയാൻ ഉള്ള ഉൾക്കരുത്ത് ഇല്ലാത്തത് കൊണ്ടാവാം ഞാൻ ഇല്ലം ലക്ഷ്യമാക്കി മുമ്പിൽ നടന്നു.കാൽപെരുമാറ്റത്തിന്റെ, പാദസരത്തിന്റ ശബ്ദത്തിൽ നിന്നും എന്നെ കുഞ്ഞാത്തോൾ അനുഗമിക്കുന്നു എന്നു മനസ്സിലായി. പടിപ്പുര വാതിൽ കാണാറാകും വരെ ഞാൻ മുമ്പെയും ആത്തോൾ പിറകെയും ആയിരുന്നു. അവിടെ എത്തിയതും ഞാൻ എന്റെ സ്ഥിരം സഞ്ചാരപഥത്തിലേക്ക് മാറി. കുഞ്ഞാത്തോൾ പടിപ്പുര ഓടി കയറുന്നത് ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നു.

ഒറ്റക്ക് അമ്പലത്തിൽ പോയതിനും ഏതോ അടിമചെക്കന്റെ കൂട്ട് പിടിച്ച് തിരികെ വന്നതിനും കണക്കിന് ശകാരവും അടിയും കുഞ്ഞാത്തോളിന് കിട്ടി എന്ന് അമ്മ വന്നു വൈകീട്ട് പറഞ്ഞത് എന്നെ അലട്ടിയിരുന്നു. പക്ഷേ രണ്ട് നേരത്തെ അന്നത്തേക്കാൾ വലുതല്ല അത് എന്ന പ്രപഞ്ചസത്യത്തിന് മുമ്പിൽ ആ അലട്ടൽ നിലകൊണ്ടില്ല. പിന്നീൊരിക്കലും ഞാൻ കുഞ്ഞാത്തോളിനെ കണ്ടിട്ടില്ല. ഒരു മാസത്തിനുള്ളിൽ വേളി കഴിഞ്ഞു പോയി എന്ന് അറിയാൻ മാത്രം പറ്റി.

പിന്നീട് വർഷങ്ങൾക്ക് ശേഷം ഇന്നലെ കണ്ടിരിക്കുന്നു. അതാണ് വീണ്ടും പഴയ ഓർമകളിലേക്ക് വീണ്ടും കപ്പലോടിച്ചത്. പഴയ ഐശ്വര്യവും ആഢ്യത്വവും എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. മറ്റുള്ള ഇല്ലങ്ങളിൽ സംഭവിച്ച പോലെ അവരുടെ ഇല്ലവും ക്ഷയിച്ചു കാണണം. ഭർത്താവ് മരിച്ചു എന്ന് വിധവാ പെൻഷന് വേണ്ടി സർക്കാർ ഓഫീസ് കയറി ഇറങ്ങുന്ന കുഞ്ഞാത്തോളിനെ കണ്ടപ്പോൾ ഊഹിച്ചു. എനിക്ക് ആദ്യം വിശ്വസിക്കാനായില്ല. എന്നെ അറിയുമോ എന്ന് ചോദിക്കാൻ ഉള്ള ധൈര്യം ഇപ്പോഴും ഇല്ലായിരുന്നു.

സർക്കാർ ഓഫീസ് വരാന്തയിൽ ഒരു മൂലയിൽ ചുരുങ്ങി ഇരിക്കുന്ന കുഞ്ഞാത്തോളിന്റെ മുഖം എന്നിൽ അസഹിഷ്ണുത ഉണ്ടാക്കി എന്നു തന്നെ പറയാം. എന്റെ അറിവിൽ, എന്റെ ചെറുപ്പത്തിൽ ലോകത്തിലെ ഏറ്റവും ഭാഗ്യവതി എന്ന് ഞാൻ കരുതിയവർ. പക്ഷേ ഒന്നോർത്താൽ സത്യം അങ്ങനെ ആയിരുന്നോ?

ശൈശവ വിവാഹത്തിന് നിർബന്ധിതയായ, എന്നും അടുക്കളയുടെ പിന്നാമ്പുറങ്ങളിൽ മാത്രം വിരാജിക്കാൻ വിധിക്കപ്പെട്ട സ്വന്തം വ്യക്തി സ്വാതന്ത്ര്യവും, സഞ്ചാരസ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട ഒരു യൗവ്വനകാലം. ഇന്ന് അവരെ കാണുമ്പോൾ ഞാൻ ആലോചിച്ചു പോവുകയാണ്.

അടിമയായി വളർന്ന് ഞാൻ അവരെക്കാൾ എത്രയോ ഭാഗ്യവാൻ ആയിരുന്നു. സ്വാതന്ത്ര്യത്തേക്കാൾ വലിയൊരു ഭാഗ്യമുണ്ടോ!!!

സ്ത്രീ ശാക്തീകരണത്തിന്, സ്ത്രീ അപല അല്ല എന്നും ഘോരഘോരം പ്രസംഗങ്ങൾ നടത്തുന്ന, അവരുടെ ഉന്നമത്തിന് വേണ്ടി ധർണ്ണകളും പ്രപബന്ധങ്ങളും നടക്കുന്ന ഇന്നത്തെ കാലത്തും സ്ത്രീക്ക് എതിരെ അക്രമങ്ങൾ പെരുകുമ്പോൾ അവയുടെ എല്ലാം മുമ്പിൽ ഒരു ചോദ്യചിഹ്നമായി കുഞ്ഞാത്തോൾ നിലകൊള്ളുന്നു. സ്ത്രീ ആയി ജനിച്ചതിൽ മാത്രം സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവൾ.

ഒരു സമരവും അവരെപ്പോലെ ഉള്ളവർക്ക് വേണ്ടി നടന്നിട്ടില്ല. അങ്ങനെ ചില ജന്മങ്ങൾ അക്കാലത്ത് ജീവിച്ചിരുന്നു എന്ന് പോലും ആരും പറഞ്ഞു കേട്ടിട്ടില്ല. ഉന്നതകുലജാത എന്ന മുദ്രയിൽ അവർ തളക്കപ്പെട്ടു. ഇങ്ങനെ എത്രയോ ആയിരം കുഞ്ഞാത്തോൾമാർ ജീവിച്ചിരുന്നു കാണും. ആരും അറിയാതെ. ആരോടും പരിഭവം പറയാതെ. അടുക്കള പുറത്തെ രാജ്ഞിമാരായി. അന്തപുരങ്ങളിലെ അടിമകളായി.

മനുസ്മൃതിയിലെ ആ ആപ്തവാക്യം മാത്രം കാതുകളിൽ മുഴങ്ങുന്നു.

ന സ്ത്രീ സ്വാതന്ത്ര്യം അർഹതി.

Back to top button
error: Content is protected !!