പുസ്തകങ്ങൾ

മഴയുടെ വീട്ടിലേക്ക് പോകാം

എഴുത്തിന്റെ തനതായ ശൈലി കൊണ്ട് വായനക്കാരനെ അത്ഭുതപ്പെടുത്തുന്ന കൃതിയാണ് ജോസ് സുരേഷിന്റെ മഴയുടെ വീട്. ധ്യാനിക്കാനും ഓര്‍മ്മയില്‍ സൂക്ഷിക്കാനും കഴിയുന്ന വിധത്തിലുള്ള 26 ലേഖനങ്ങള്‍. വായനയുടെ നല്ലകാലം വായനക്കാരന് ആശംസിച്ചുകൊണ്ടാണ് ഗ്രന്ഥകാരന്‍ പുസ്തകം ആരംഭിക്കുന്നത്. ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമുള്ള ചിന്തകളാല്‍ സമ്പന്നമാണ് ഈ വീട്. എഴുത്തുകാരന്റെ പരന്ന വായനയുടെയും തത്വചിന്തയുടെയും ശക്തി വായനക്കാരന് ഇവിടെ അനുഭവവേദ്യമാണ്. കാഴ്ചകള്‍ ഇഷ്ടപ്പെടുന്നവരായ നമുക്ക് നമ്മള്‍സ്ഥിരം കണ്ടു മറക്കുന്ന കാഴ്ചകളെയും സാഹചര്യങ്ങളെയും മറ്റൊരു വീക്ഷണത്തില്‍ കാണാന്‍ ഈ പുസ്തകം നമ്മെ സഹായിക്കുന്നു. ഓര്‍മ്മകള്‍ കൊണ്ട് പണിതീരാത്ത വീടുപോലെ ബാല്യം മുതല്ക്കുള്ള പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ ഒരു ചിത്രം പോലെ ഇവിടെ അനുഭവവേദ്യമാകുന്നു. ഹൃദയം കൊണ്ടെഴുതിയ കുറിപ്പുകളാണ് എന്ന് ഇത് വായിക്കുമ്പോള്‍ ഏതൊരാളും പറഞ്ഞുപോകും. നമുക്ക് നമ്മോട് തന്നെ തോന്നേണ്ട സ്‌നേഹവിചാരങ്ങളെ ദൈവത്തോട് ചേര്‍ത്തുവച്ചുകൊണ്ട് ഗ്രന്ഥകാരന്‍ അടയാളപ്പെടുത്തുകയാണ് അക്ഷരങ്ങളിലൂടെ. ക്രിസ്തുവിനെക്കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതുന്നു: പങ്കുവയ്ക്കലുകളുടെ അപകടമായിരുന്നു ക്രിസ്തുവിന്റെജീവിതം.സ്വപ്‌നം പങ്കുവച്ചുതുടങ്ങി, പിന്നെ സ്‌നേഹം, വിശുദ്ധി കഴിവുകള്‍. അവസാനം അവനെ തന്നെ പങ്കുവയ്ച്ചു. ഈ ദര്‍ശനത്തിലേക്ക് ക്രിസ്തു ദര്‍ശനത്തിലേക്ക് ഒരു വേള മിഴി തുറന്ന് നോക്കാന്‍ ഈ പുസ്തകം വായിച്ചടയ്ക്കുമ്പോള്‍ തോന്നും. ഇതിലെ കുറിപ്പുകള്‍ ആത്മാര്‍ത്ഥതയുടെ അക്ഷരങ്ങളാണ്. ക്രിസ്തു പെയ്തിറങ്ങുന്ന ആ വീട്ടിലേക്ക്, മഴയുടെ വീട്ടിലേക്ക് പോകാന്‍ പ്രേരണയും സ്വാധീനവും നല്കുന്നതാണ് ഈ പുസ്തകം. ആ വാതില്‍ തുറക്കാന്‍ ഈ പുസ്തകം തുറന്ന് നമുക്ക് നിശ്ശബ്ദമാകാം. ദൈവം പെയ്തിറങ്ങും. തീര്‍ച്ച.

മഴയുടെ വീട്
ജോസ് സുരേഷ്
തിയോ ബുക്‌സ്

വില: 75

Back to top button
error: Content is protected !!