കഥകൾ

അന്ന

മഴക്കാലം അല്ലാഞ്ഞിട്ടും ചാറ്റൽ മഴയുണ്ടായിരുന്നു …
കാറിൻറെ ഗ്ലാസിൽ മഴത്തുള്ളികൾ ചിന്നിചിതറുന്നു…
യാത്രയ്ക്കിടയിൽ അന്ന ചോദിച്ചു …” ജോ … റിസൾട്ട് പോസിറ്റീവ് ആയിരിക്കും അല്ലെ …?
“ഇല്ല അന്ന … എനിക്കൊന്നും ഇല്ല” ജോ പറഞ്ഞു .
ആശുപത്രിയിലേക്കയിരുന്നു അന്നയും ജോയും .

അന്നയുമായുള്ള വിവാഹനിശ്ചയശേഷമാണ് ജോയുടെ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്!
അതുപിന്നിട് ഇരുകുടുംബങ്ങളെയും വിഷമിപ്പിച്ചു.
ആദ്യ തന്നെ ഡോക്ടർ പറഞ്ഞു …”പരിശോധിക്കണം അതിനുശേഷമേ പറയാൻ പറ്റു…”

Related Articles

ജോയും അന്നയും ആ പരിശോധനയുടെ റിസൽട്ട് വാങ്ങാനാണ് പൊയ്ക്കൊണ്ടിരിക്കുന്നത് .
നിശബ്ദമായ യാത്ര .
വർഷങ്ങൾ ഒന്നിച്ചു ജീവിച്ച ഒരു ബന്ധം അവരെ കീഴ്പെടുത്തി .
ഇനി മറ്റൊരു വിവാഹം അന്നയ്ക്കു ചിന്തിക്കാനെ കഴിയില്ല!
അന്ന ചോദിച്ചു …” ജോ … നിനക്ക് വിഷമമില്ലേ…”
“ഇല്ല അന്ന… എനിക്ക് രോഗമൊന്നും വരില്ല” അവൻ സമാധാനിപ്പിച്ചു.
ആശുപത്രി അടുത്തപ്പോൾ അന്ന പറഞ്ഞു ” ജോ .. രോഗമുണ്ടാകാതിരിക്കാൻ ഞാൻ ഒത്തിരി നേർച്ചകൾ നേർന്നിട്ടുണ്ട്‌…”
ജോ പുഞ്ചിരിച്ചു .
” നമുക്ക് പോകാം …നേർച്ചകൾ നിറവേറ്റണം.”
ആശുപത്രിയിലെത്തിയപ്പോൾ മഴ കുറഞ്ഞിരുന്നു.
അവർ സ്ഥിരം കാണുന്ന ഡോ. റോയിയുടെ മുറിയിലേക്ക് നടന്നു…

അന്ന ജോയെ നോക്കി.
ജോയുടെ മുഖം പ്രസന്നമായിരുന്നു.
അന്ന അസ്വസ്ഥയായിരുന്നു…
അവളുടെയുള്ളിൽ പ്രാർത്ഥനകൾ മാത്രം.

ഡോ. റോയ് അവരെ കാത്തിരിക്കുകയായിരുന്നു.
അയാൾ പുഞ്ചിരിച്ചുകൊണ്ട്‌ അവരെ നോക്കി…
റോയിയുടെ മുഖത്തുനിന്നു തന്നെ അന്ന വായിച്ചു!
“ജോയെ എനിക്ക് തിരിച്ചുകിട്ടി”

റോയിയുടെ വാക്കുകളും ജോ സുരക്ഷിതനെന്ന വാർത്തയും
അന്നയുടെ മിഴികൾ നനയിപ്പിച്ചു …
ജോ അവളുടെ കണ്ണുകളുടെ തിളക്കം കണ്ടു…

“മരുന്നുകൾ മുടക്കരുത്… ok…” ഡോ. റോയ് പറഞ്ഞു.
ആശുപത്രിയിൽനിന്ന് പുറത്തേക്കിറങ്ങുമ്പോൾ ജോയുടെ കൂടെനടന്നത് മറ്റൊരു അന്നയായിരുന്നു.

അവൾ വീട്ടുകാരെയും ബന്ധുക്കളെയും കൂട്ടുകാരെയും എല്ലാം വിളിച്ചു !
ആ സന്തോഷവാർത്ത‍ അറിയിച്ചു ..
അവർ യാത്ര തരിച്ചു .
മഴയും അവരുടെ സന്തോഷത്തിൽ പങ്കുചേർന്നു!!!

” നേർച്ചകൾ നിറവേറ്റണം..കുറെ സ്ഥലത്ത് പോകണം …ജോ …നാളെ തന്നെ നമുക്ക് പോയാലോ…”
ജോ പുഞ്ചിരിച്ചു …
മഴ ശക്തിയോടെ പെയ്തിറങ്ങി …
അന്ന വളരെ സന്തോഷത്തിൽ എന്തൊക്കെയോ പറയുന്നുണ്ട് …
നീണ്ട യാത്രയാണ്‌ …
ആ മഴയിൽ, സന്തോഷത്തിൽ അവൾ മയങ്ങി.

ജോയുടെ ഫോണ്‍ ശബ്ദിച്ചത് കേട്ടാണ് അന്ന ഉണർന്നത്.
-ഡോ. റോയ് –
ജോ ഫോണ്‍ എടുത്തില്ല .
വീണ്ടും ഫോണ്‍ മുഴങ്ങി…
-ഡോ. റോയ് –
“അതെടുക്കു ജോ …” അന്ന പറഞ്ഞു .
“പിന്നെ എടുക്കാം “
അന്ന വീണ്ടും മയങ്ങി.
മഴപെയ്തുകൊണ്ടെയിരുന്നു…
വീടെത്തിയപ്പോൾ ജോ അവളെ വിളിച്ചു .
കാറ് വന്ന ശബ്ദംകേട്ടായിരിക്കണം എല്ലാവരും
മുൻപിൽത്തന്നെയുണ്ട് !
അന്നയാണ് എല്ലാവരോടും സംസാരിച്ചത് ..
അവളുടെ വാക്കുകൾ ആ വീട്ടിൽ സന്തോഷം പരത്തി.
വീണ്ടും ജോയുടെ ഫോണ്‍ മുഴങ്ങി
-ഡോ. റോയ് –
ഫോണ്‍ ഓഫ്‌ ചെയ്തു .
പുറകിലെ അടുക്കളയുടെ മുറ്റത്തേക്ക് അവൻ നടന്നു ..
നല്ല മഴ.
അവൻ ആ മഴയിൽ ഇറങ്ങിനിന്നു!
കണ്ണുകളടച്ച്‌ അവൻ അവിടെ നിന്നു …
ആ മഴയത്ത് അവനും പൊഴിച്ചു മഴനീർതുള്ളികൾ …
അവൻ പൊട്ടികരഞ്ഞു …
ആ മഴയിൽ അലിഞ്ഞുതീരുന്നതായി അവനു തോന്നി…
അന്നയിൽനിന്നും താനും ഡോ. റോയിയും മറച്ചുവച്ച രോഗകാര്യം
അവനെ വീണ്ടും വീണ്ടും കരയിപ്പിച്ചു …
അന്ന വിളിച്ചു ..”ജോ കയറി വാ …ഇനി പനി പിടിപ്പിക്കേണ്ട…”
ജോ അന്നയെ നോക്കി…
അന്ന ചിരിച്ചു .

Back to top button
error: Content is protected !!